ഒരു മിനിറ്റില്‍ ഏറ്റവും അധികം ബദാം കഴിച്ച് ഗിന്നസ് ലോക റെക്കോര്‍ഡ് 2022 ല്‍ ഇടം നേടി രാമപുരം സ്വദേശിയായ യുവാവ്. രാമപുരം കുഴിയടിതാഴത്ത് അര്ജുന് കെ മോഹനനാണ് ഗിന്നസ് ബുക്കില്‍ ഇടം നേടിയത്. ഒരു മിനിറ്റില്‍ 44 ബദാം കഴിച്ചാണ് അര്ജുന് ഈ നേട്ടം കൈവരിച്ചത്.2021 ഡിസംബര്‍ ഒൻപതിനു രാമപുരം സെൻ്റ്. അഗസ്റ്റിന്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നാല് ഒഫീഷ്യല്‍സിൻ്റെ മുന്നില്‍ വെച്ച് ഗിന്നസ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് അര്ജുന് റെക്കോര്‍ഡിട്ടത്.
യുകെ സ്വദേശിയായ ഒരു കോമ്പറ്റേറ്റീവ് ഫുഡ് ഈറ്ററുടെ 40 ബദാം എന്ന റെക്കോര്‍ഡാണ് ഇപ്പോള്‍ ഭേദിച്ചിരിക്കുന്നത്. ഇതിന് മുന്‍പ് അര്ജുന് 35 ബദാം കഴിച്ച് പ്രത്യേക ശ്രദ്ധ നേടിയിരുന്നു.
2021 ല്‍ ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡിലും ഏഷ്യാ ബുക്ക് ഓഫ് റെക്കോര്‍ഡിലും പെന്‍സില്‍ കാര്‍വിങ് എന്ന മേഖലയിൽ നേട്ടം കരസ്ഥമാക്കിയ അര്ജുന് ഒൻപതു വര്‍ഷമായി ഓട്ടന്തുള്ളല് കലാകാരന് കൂടിയാണ്. ഇപ്പോള്‍ മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയില്‍ ഫിറ്റ്നസ് ട്രൈനര്‍ ആയി ജോലി ചെയ്യുകയാണ് അർജുൻ. പിതാവ് മോഹനകുമാര്‍ രാമപുരത്ത് ഓട്ടോ ഡ്രൈവറാണ്. അമ്മ ആശ, സഹോദരന്മാര് അബിന്‍, അജിന്.